കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.
കേസിലെ പ്രധാന പ്രതികളായ കെ.ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇ.ഡി അന്വേഷണത്തിനു പിന്നാലെ ഇരുവരും ഒളിവിലാണ്. പ്രതികൾ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഇ.ഡി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
തട്ടിപ്പുകേസിൽ നേരത്തെ ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി വഴി 482 കോടി രൂപയാണു പ്രതികൾ സമാഹരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 1,600 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, തട്ടിപ്പിന് അതിലും വലിയ വ്യാപ്തിയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.

0 Comments