അമ്പലവയൽ: ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന വയനാടിൻ്റെ അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി ഇത്തവണ മാലിന്യ സംസ്കരണ രംഗത്തും ജനശ്രദ്ധയാർജ്ജിച്ചു. മുൻവർഷങ്ങളിൽ നിന്നു വിഭിന്നമായി പൂപ്പൊലിയുടെ അകവും പുറവും ഒരു പോലെ ക്ലീൻ ആയിരുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അതിനായി പൂപ്പൊലിയുടെ പുറത്ത് ഹരിത കർമ്മസേനാഗംങ്ങളും അകത്ത് ആർ.എ.ആർ. എസ് നിയോഗിച്ച തൊഴിലാളികളും പൂപ്പൊലിയുടെ നീണ്ട 15 ദിവസങ്ങളിൽ കഠിനമായി പരിശ്രമിച്ചു. അവർക്ക് പിന്തുണയേകി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും അമ്പലവയൽ ഗ്രാമ പഞ്ചായത്തും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. ശുചിത്വ മിഷൻ്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് പൂപ്പൊലി നടത്തിയത്. ഇതിൻ്റെ പൂർണ്ണതയെന്നോണം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തിയ യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഹർഷൻ പൂപ്പൊലി സംഘാടകർക്കും അമ്പലവയൽ ഗ്രാമ പഞ്ചായത്തിനും അനുമോദനം നൽകി.
ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസേർച്ച് പ്രൊഫസർ (ഡോ.) യാമിനി വർമ്മയും പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്സത്തും ഫലകങ്ങൾ എറ്റു വാങ്ങി. ഹരിതചട്ട നടത്തിപ്പുമായി ബന്ധപ്പെട്ട് നിന്ന മറ്റ് ഉദ്യോഗസ്ഥർക്കും അമ്പലവയൽ കാർഷിക കോളേജ് വിദ്യാർത്ഥികൾ ജി.എച്ച്. എസ്.എസ്. വടുവൻചാലിലെ എൻ.എസ്.എസ്. വോളൻ്റീയേഴ്സിനും പ്രശംസാ പത്രങ്ങളും ശുചിത്വ മിഷൻ കൈമാറി. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഗ്രീൻ പ്രോട്ടോക്കോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ആർ. എ. ആർ. എസിലെ മറ്റ് ഉദ്യോഗസ്ഥർ, അമ്പലവയൽ കാർഷിക കോളേജിലെയും ജി.എച്ച്. എസ്.എസ് വടുവൻചാലിലെയും വിദ്യാർത്ഥി പ്രതിനിധികൾ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ, ഹരിത കേരള മിഷൻ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കുചേർന്നു.

0 Comments