വിലങ്ങാട് - വയനാട് ബദൽ റോഡ്; പ്രതീകാത്മക റോഡ് വെട്ടൽ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു

 


വിലങ്ങാട്: കുഞ്ഞോം- വിലങ്ങാട്  ചുരമില്ല വയനാട് ബദൽ റോഡ് യഥാർഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജനതാദൾ എസ് കോഴിക്കോട്-വയനാട് ജില്ലാ ഭാരവാഹികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നിർദിഷ്ട പാത തുടങ്ങുന്ന വിലങ്ങാട്  പ്രദേശത്ത് പ്രതീകാത്മക റോഡ് വെട്ടൽ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജെ.ഡി.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സഞ്ജയ്‌ ബാവ, അഡ്വ. ലതിക ശ്രീനിവാസൻ, പുത്തൂർ ഉമ്മർ,ഒ.ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ പ്രതിനിധി അമ്പലക്കണ്ടി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

പതിറ്റാണ്ടുകൾക്ക് മുമ്പ് ടിപ്പുവിന്റെയും പഴശ്ശിയുടെയും സേനകളും പിന്നീട് പ്രദേശവാസികളും സഞ്ചരിച്ച വിലങ്ങാട് - കുഞ്ഞോ മാനന്തവാടി ചുരമില്ലാ ബദൽ റോഡ് യാഥാർഥ്യമാക്കുവാൻ  ജനതാദൾ എസ് ഏതറ്റം വരെ പോകുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. കോഴിക്കോട് -കണ്ണൂർ ജില്ലകളെ വയനാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ചുരമില്ലാപാതയാണിത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ  റോഡ് നിലവിലുണ്ട്. വയനാട് ജില്ലയിൽ കു ഞ്ഞോം - കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ നിലവിൽ ടാറിട്ട റോഡുമുണ്ട്. ഇതിനിടയിൽ ഏഴ് കിലോമീറ്ററാണ് റിസർവ്വ് വനമുള്ളത്. ഇതിൽ തന്നെ മൂന്ന് കിലോമീറ്ററോളം കുപ്പ് റോഡ് നിലവിലുണ്ട്. കേവലം ഏഴ് കിലോമീറ്റർ റോഡ് നിർമ്മിക്കാൻ കേന്ദ്രാനുമതി കിട്ടിയാൽ ഏറ്റവും ചെലവ് കുറഞ്ഞ ചുരമില്ലാവയനാട് റോഡ് യാഥാർത്ഥ്യമാക്കാനാവും.

കേന്ദ്രാനുമതി വേഗത്തിലാക്കുവാൻ ജനതാദൾ എസ് ഭാരവാഹികളുടെ നേതൃത്വത്തിൽ അധികൃതരെ സമീപിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഈ പാത സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങളും നിവേദനങ്ങളും കേന്ദ്ര  സർക്കാരിന് നൽകുമെന്നും  ബദൽ പാത വരുന്നത് വരെ ശക്തമായി മുന്നോട്ട് പോവുമെന്നും ജെ.ഡി. എസിന്റെ ഇരു ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികൾ പറഞ്ഞു.



Post a Comment

0 Comments