ഇലക്ടറൽ ബോണ്ട് ഇടപാട് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം: കോൺഗ്രസ്




ഇലക്ടറൽ ബോണ്ട് ഇടപാട് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണത്തോട് കോൺഗ്രസ് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംഭാവന വിവരങ്ങൾ കൈമാറാൻ കോൺഗ്രസ് തയ്യാറാണെന്നും ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി നടത്തിയത് വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങിയെന്നും ജയറാം രമേശ് ആരോപിച്ചു.

ബിജെപി ഇലക്ട്രൽ ബോണ്ടുകൾ സ്വന്തമാക്കിയ നാല് വഴികളും അദ്ദേഹം വ്യക്തമാക്കി.  ആദ്യം കരാർ നൽകും പിന്നീട് കമ്പനികളിൽ നിന്ന് കോഴ വാങ്ങും, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കമ്പനികളെ ഭീഷണിപ്പെടുത്തി പണം സമാഹരിക്കും, ഷെൽ കമ്പനികളെ ഉപയോഗിച്ച് ബോണ്ട് സ്വന്തമാക്കും എന്നിങ്ങനെയാണ് ബിജെപി ബോണ്ടുകൾ സ്വന്തമാക്കിയ രീതിയെന്നും പറഞ്ഞു.

ഫെബ്രുവരി 15നാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ട് സ്കീം സുപ്രിംകോടതി റദ്ദാക്കിയത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.ബി.ഐയോട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനും ഉത്തരവിട്ടിരുന്നു.

2019 മുതൽ 2024 വരെ ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് 6060 കോടി രൂപയാണ്. കോൺഗ്രസിന് ഈ കാലയളവിൽ ലഭിച്ചത് 1400 കോടി രൂപയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമെല്ലാമാണ് ബി.​ജെ.പി ഇത്രയുമധികം തുക സമാഹരിച്ചതെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments