കലാലയ രാഷ്ട്രീയത്തിന്റെ കുഴപ്പമല്ല! എസ്.എഫ്.ഐയുടെ ഏകാധിപത്യം; വെറ്ററിനറി കോളേജിൽ നടന്നത് മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യം: കെ മുരളീധരൻ

 


തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം ഞെട്ടിക്കുന്നതെന്ന് കെ മുരളീധരൻ എംപി. സിദ്ധാർത്ഥന്റെ മരണം കൊലപാതകം തന്നെയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയൻ ചെയർമാന്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായത്. ടി പി കേസ് ചർച്ചയാവുന്ന സമയത്താണ് ഒരു വിദ്യാർത്ഥി ക്രൂരമായി കൊല ചെയ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസും എംഎസ്എഫുമെല്ലാം സമരവുമായി മുന്നോട്ടുപോവുകയാണ്. സംഭവത്തിൽ സർക്കാരിനും സിപിഐഎമ്മിനും ഉത്തരവാദിത്വമുണ്ട്. ചില കോളേജുകളിൽ ചില വിദ്യാർത്ഥി സംഘടനകളുടെ ഏകാധിപത്യമുണ്ട്. ഇതാണ് കുഴപ്പങ്ങളിലേക്ക് നയിക്കുന്നത്. അല്ലാതെ കലാലയ രാഷ്ട്രീയത്തിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു

രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതിനിടെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments