‘മനിതന്‍ ഉണര്‍ന്തു കൊള്ള…’; മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു


മലയാള സിനിമയുടെ സീന്‍ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ അധിക സമയം ഒന്നും എടുത്തില്ല. ഇപ്പോഴിതാ പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഒഫിഷ്യല്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ഈ ഒടിടി റിലീസ് എത്തുക. മെയ് 5 ന് അഞ്ച് ഭാഷകളില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചതോടനുബന്ധിച്ച് പുതിയ ട്രെയ്‌ലറും ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കര്‍ണാടകയില്‍ നിന്നും 15 കോടിയിലധികം രൂപ സിനിമ നേടിയിട്ടുണ്ടെങ്കില്‍ അത് തമിഴ്നാട്ടിലേക്ക് എത്തുമ്പോള്‍ 60 കോടിയിലധികമാണ്.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങള്‍ കൊണ്ടാണ് 200 കോടി ക്ലബില്‍ ഇടം നേടിയത്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Post a Comment

0 Comments