കൊളംബോ: ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ടി20 ഫൈനലിൽ. ബംഗ്ലാദേശ് വിജയലക്ഷ്യമായ 81 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 11 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ വിജയ തീരമണഞ്ഞു. ഇന്ത്യക്കായി സ്മൃതി മന്ദാന അർധ സെഞ്ച്വറി നേടി. 39 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സറും സഹിതം 55 റൺസാണ് സ്മൃതി അടിച്ചെടുത്തത്. ഷഫാലി വർമ 26 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ മുൻനിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ക്യാപ്റ്റൻ നിഗർ സുൽത്താന (32), ഷൊർണ അക്തർ(19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഓപ്പണർമാരായ ദിലാര അക്തർ (6), മുർഷിദ ഖാത്തൂൻ (4) എന്നിവരെ സ്‌കോർ ബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ നഷ്ടമായി. തൊട്ടുപിന്നാലെ ഇഷ്മ തൻജിം(8) കൂടി മടങ്ങിയതോടെ പവർപ്ലെയിൽ മൂന്ന് വിക്കറ്റ് നഷ്ടമായി വൻതകർച്ച നേരിട്ടു.
എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച നിഗർ സുൽത്താന ടീമിന് പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടമായതോടെ 20 ഓവറിൽ 80 റൺസിൽ പോരാട്ടം അവസാനിച്ചു. ഇന്ത്യക്കായി രേണുക സിങും രാധ യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരങ്ങളായ ആശ ശോഭനക്കും സജിന സജീവനും ടീമിൽ ഇടം ലഭിച്ചില്ല.
0 Comments