'സിനിമയിൽ വ്യാപക ലൈംഗിക ചൂഷണം, വഴങ്ങാത്തവർക്ക് അവസരം നിഷേധിക്കുന്നു'; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ

 




എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. 'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ'- റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. നടൻമാർ വാതിലിൽ മുട്ടുന്നതായും നടിമാരെ കിടക്ക പങ്കിടാൻ നിർബന്ധിതരാക്കുന്നതായും റിപ്പോ‍ർട്ടിലുണ്ട്.

'സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.'- റിപ്പോർട്ട്


സിനിമാ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്. മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് ചിലർ കരുതുന്നത്. അതിനാൽ തന്നെ നടിമാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ. സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതൽ ലൈംഗിക ചൂഷണങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്നുണ്ട്. ഇതിനെതിരെ പരാതി പയറുന്നവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. കലയോടുള്ള താൽപര്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാൻ പോലും പുരുഷൻമാർക്ക് കഴിയുന്നില്ല.'


മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായും റിപ്പോർട്ട്. 'ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.


റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ


സിനിമയിൽ പവർഗ്രൂപ്പ് നിലനിൽക്കുന്നു

പവർഗ്രൂപ്പിൽ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച്

നടൻമാർ രാത്രി വാതിലിൽ മുട്ടും, സഹകരിച്ചില്ലെങ്കിൽ അവസരമില്ല

ലൊക്കേഷനുകളിൽ അടിസ്ഥാനസൗകര്യമില്ല, വസ്ത്രം മാറുന്നത് കുറ്റിച്ചെടിയുടെ മറവിൽ

കിടക്ക പങ്കിടാൻ നിർബന്ധിതരാക്കും, അഭിനയം പാഷനായാൽ ഉപദ്രവിക്കും, പരാതിപ്പെട്ടാൽ സൈബർ ആക്രമണം

തെറ്റ് ചൂണ്ടിക്കാട്ടിയാൽ പുരുഷന്മാർക്കും വിലക്ക്, അതിക്രമങ്ങളോട് പ്രതികരിക്കാത്തത് വിലക്ക് ഭയന്ന്

ജൂനിയർ താരങ്ങൾക്ക് ഭക്ഷണം നൽകാതെ ചൂഷണം


ശിപാർശകൾ

വനിതകൾക്ക് നിർമാതാവ് സുരക്ഷിത താമസവും യാത്രയും ഉറപ്പാക്കണം

ക്രിമിനൽ പശ്ചാത്തലമുള്ളവരെ വിലക്കണം

തുല്യപ്രതിഫലം നൽകണം

സെറ്റുകളിൽ മദ്യവും ലഹരി വസ്തുക്കളും വിലക്കണം

ചലച്ചിത്ര മേഖലയിൽ വിലക്ക് പാടില്ല

സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരങ്ങൾ നൽകണം

അധികാര കേന്ദ്രമായി സ്ത്രീകളെ അവതരിപ്പിക്കുക

ലിംഗസമത്വ ബോധവത്കരണം

പുരുഷത്വമെന്നാൽ അക്രമമല്ലെന്ന് പഠിപ്പിക്കുക

സിനിമാ മേഖലയിൽ 50 ശതമാനം സ്ത്രീ സംവരണം

Post a Comment

0 Comments