മാണ്ഡി: ഹിമാചൽ പ്രദേശിൽ തോരാതെ പെയ്യുന്ന മഴയിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ആ ദുരന്തവാർത്തകൾക്കിടയിലും ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തുവരുന്നുണ്ട്. കൃത്യസമയത്ത് ഒരു നായയുടെ കുര രക്ഷിച്ചത് 20 കുടുംബങ്ങളിൽ നിന്നുള്ള 67 പേരെയാണ്. ഹിമാചലിലെ മാണ്ഡി ജില്ലയിലാണ് സംഭവം.
ജൂൺ 30-ന് അർദ്ധരാത്രി തുടങ്ങിയ കനത്ത മഴ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തുള്ള സിയാത്തി ഗ്രാമത്തെ പൂർണ്ണമായും തകർത്തു. മഴ പെയ്യുന്നതിനിടെ, വീട്ടിലെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ അർദ്ധരാത്രിയോടെ പെട്ടെന്ന് ഉച്ചത്തിൽ കുരയ്ക്കുകയും പിന്നീട് ഓരിയിടുകയും ചെയ്തതോടെയാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. ‘നായയുടെ കുര കേട്ടാണ് ഞാൻ ഉണർന്നത്. അടുത്തേക്ക് ചെന്നപ്പോൾ വീടിന്റെ ഭിത്തിയിൽ വലിയ വിള്ളൽ കാണുകയും വെള്ളം കയറാൻ തുടങ്ങുകയും ചെയ്തിരുന്നു. ഞാൻ നായയുമായി താഴേക്ക് ഓടുകയും എല്ലാവരെയും വിളിച്ചുണർത്തുകയും ചെയ്തു’ സിയാത്തിയിലെ താമസക്കാരനായ നരേന്ദ്ര പറയുന്നു.
തുടർന്ന് നരേന്ദ്ര ഗ്രാമത്തിലെ മറ്റുള്ളവരെയും വിളിച്ചുണർത്തി സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ ആവശ്യപ്പെട്ടു. മഴയുടെ ശക്തി കാരണം ആളുകൾ എല്ലാം ഉപേക്ഷിച്ച് അഭയം തേടി ഓടി. താമസിയാതെ, ഗ്രാമത്തിൽ മണ്ണിടിച്ചിൽ സംഭവിക്കുകയും ഒരു ഡസനോളം വീടുകൾ പൂർണ്ണമായും നശിക്കുകയും ചെയ്തു. ഗ്രാമത്തിൽ ഇപ്പോൾ നാലോ അഞ്ചോ വീടുകൾ മാത്രമാണുള്ളത്. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കടിയിലാണ്.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ട്രിയമ്പാല ഗ്രാമത്തിൽ നിർമ്മിച്ച നൈന ദേവി ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുകയാണ്. ജൂൺ 20-ന് കാലവർഷം ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ കുറഞ്ഞത് 78 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 35 പേരെ കാണാതായിട്ടുമുണ്ട്. ഇക്കാലയളവിൽ 19 മേഘവിസ്ഫോടനങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാണ്ഡി ജില്ലയെയാണ് മഴ രൂക്ഷമായി ബാധിച്ചിട്ടുള്ളത്.
0 Comments