കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് പൊലീസ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം ഗള്‍ഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴച്ചിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം. ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്‌നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അതേസമയം കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍ നിന്ന് ടൗണിലേക്കാണെന്ന് പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
0 Comments