ആലപ്പുഴ: മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെയും പാദപൂജയില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്.
ഗുരുപൂർണ്ണിമയുടെ ഭാഗമായി വിവിധ ജില്ലകളിലെ സ്കൂളുകളില്‍ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വലിയ വിവാദമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ സ്കൂളുകളില്‍ പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നു. കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലും പാദപൂജ നടന്നിരുന്നു. ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠം സ്കൂളില്‍ വാര്‍ഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ കെ അനൂപിന്‍റെ പാദമാണ് പൂജിച്ചത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ 101 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികൾ വെള്ളംതളിച്ച് പൂക്കളിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു
കാസര്‍കോട്ടെ പാജപൂജയില്‍ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിയെന്ന് കമ്മീഷൻ അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാലുകഴുകിച്ചത് കേരളത്തിന്‍റെ സംസ്കാരമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ചടങ്ങിനെതിരെ DYFI, AIYF തുടങ്ങിയ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മാതൃപൂജയും ഗുരുപൂജയും ഭാരതീയ വിദ്യാനികേതന് കീഴിലുള്ള സ്കൂളുകളിൽ പതിവാണെന്നും ഗുരുവന്ദനത്തിന്‍റെ ഭാഗമായി കുട്ടികളെക്കൊണ്ട് അനുഗ്രഹം വാങ്ങിക്കുന്ന ചടങ്ങ് മാത്രമെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
0 Comments