പാലക്കാട്:തൃത്താലയിലെ കോൺഗ്രസിനകത്തെ തർക്കത്തിൽ സി.വി ബാലചന്ദ്രന് മറുപടിയുമായി വി.ടി ബൽറാം. കേരളം മുഴുവൻ മാറ്റത്തിന് തയാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുതെന്നാണ് ബൽറാം പറഞ്ഞത്. മാറ്റത്തിന് വേണ്ടി തൃത്താല തയാറാകുമ്പോൾ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്‌നങ്ങൾ ഇതിന് തടസ്സമാകരുതെന്നും ബൽറാം പറഞ്ഞു.
ചാലിശ്ശേരി ആലിക്കരയിലെ കുടുംബ സംഗമത്തിലാണ് വി.ടി ബൽറാം സി.വി ബാലചന്ദ്രന് മറുപടി നൽകിയത്. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സി.വി ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തില്ല.
കഴിഞ്ഞ ദിവസം കൊഴിക്കരയിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാമെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു. ബൽറാമിനെ തോൽപ്പിച്ചത് സി.വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ സിപ് ലൈനിൽ തൂങ്ങിപോകുന്ന ഫോട്ടോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച് പരോക്ഷ പ്രതികരണം ബൽറാം നടത്തിയിരുന്നു. പല കോൺ്ഗ്രസ് നേതാക്കളും ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബൽറാം തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥിയാവുമെന്നാണ് സൂചന. ഇതിനിടെയാണ് സി.വി ബാലചന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
0 Comments