നൊമ്പരമായി മിഥുൻ; സംസ്കാരചടങ്ങുകൾ പൂർത്തിയായി

 




കൊല്ലം: തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകി നാട്. വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ പൂർത്തിയായി. വീടിന് തൊട്ടരികിലായാണ് മിഥുന് ചിതയൊരിക്കിയത്. അനുജനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്‌. മകനെ അവസാന നോക്ക് കാണാൻ അമ്മ സുജ ഉച്ചയോടെയാണ് തേവലക്കരയിലെ വീട്ടിലെത്തിയത്


മിഥുനെ അവസാനമായി ഒരുനോക്ക് കാണാനായി ബന്ധുക്കളും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിളന്തറയിലെ വീട്ടിലെത്തിയത്. മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോവുകയായിരുന്നു.


ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മിഥുന്റെ മൃതദേഹം രാവിലെ പത്തുമണിയോടെയാണ് സ്കൂളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വിലാപയാത്രയായി സ്കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. വൈകുന്നേരം നാലുമണിയോടെയാണ് സംസ്കാരചടങ്ങുകൾ ആരംഭിച്ചത്.

വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ്  സൈക്കിൾ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments