'മലയോര വികസന ചരിത്രത്തിലെ പ്രധാനി' ഫാ. തോമസ് മണ്ണൂർ വിടവാങ്ങി

 



കൊട്ടിയൂർ: മലയോര കർഷക കുടിയേറ്റ കാലത്തിന് ശേഷം നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്ന ഫാ. തോമസ് മണ്ണൂർ അന്തരിച്ചു. മലയോര വികസനത്തിൽ സുപ്രധാന മുന്നേറ്റമായി കണക്കാക്കുന്ന കൊട്ടിയൂർ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ (ഐ ജെഎംഎച്ച്എസ്) 50 വർഷം മുൻപ് സ്ഥാപിച്ചത് വന്ദ്യ പുരോഹിതൻ ഫാ.തോമസ് മണ്ണൂർ(മണ്ണൂരച്ചൻ) ആയിരുന്നു. കുടിയേറ്റ ജനതയുടെ ഉന്നത പഠനമോഹങ്ങൾക്ക് പ്രതീക്ഷ നൽകി സ്ഥാപിതമായ ആ സ്കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്കൂളാണ്. മലയോരത്തെ മറ്റൊരു വികസന മുന്നേറ്റമായിരുന്നു കൊട്ടിയൂരിലെ സർക്കാർ ഡിസ്പൻസറി. പുളിയമ്മാക്കൽ പി.കെ.ജോസഫ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ച്, കിടക്കളും ആശുപത്രി ഉപകരണങ്ങളും സഹിതം ഒരുക്കി സർക്കാരിന് കൈമാറിയതാണ്. ആ ജനകീയ കമ്മിറ്റിയുടെ ട്രഷറർ മണ്ണൂരച്ചനായിരുന്നു. ഇന്ന് ആഡിസ്പൻസറി കുടുംബാരോഗ്യ കേന്ദ്രമാണ്. മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നീട് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ പൊതു വികസന പ്രവർത്തനങ്ങളിലെല്ലാം മണ്ണൂരച്ചൻ പങ്കാളിയായിരുന്നു. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോട് ചേർന്ന് നടത്തിവന്നിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന യുവദീപ്തി കോളജ് വിപുലീകരിച്ചതും മണ്ണൂരച്ചനായിരുന്നു. 6 വർഷക്കാലം കൊട്ടിയൂർ പള്ളി വികാരിയായി സേവനം ചെയ്തു. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന മണ്ണുരച്ചൻ തമിഴുനാട്ടിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള രൂപതകളിലും സേവനം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments