ടെസ്‌ല ഇന്ത്യയില്‍; മോഡല്‍ വൈ കാറിന്റെ വില പ്രഖ്യാപിച്ച് കമ്പനി

 



മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹനകമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈയിലെ ബാദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ല പുതിയ ഷോറൂം തുറന്നത്. മോഡല്‍ വൈ ഇലക്ട്രിക് എസ്യുവിയുമായാണ് ടെസ്‌ല എത്തുന്നത്.

ആഗോളതലത്തില്‍, ടെസ്‌ലയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് മോഡല്‍ വൈ. ചൈനയില്‍ വില്‍ക്കുന്ന വിലയുടെ ഏകദേശം ഇരട്ടി വിലയാണ് ഇന്ത്യയില്‍ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍, വൈ മോഡല്‍ റിയര്‍-വീല്‍ ഡ്രൈവിന് 60 ലക്ഷം രൂപയും ലോംഗ് റേഞ്ച് പതിപ്പിന് 68 ലക്ഷം രൂപയുമാണ് വില. ചൈനയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈ മോഡല്‍ ഇലക്ട്രിക് എസ്യുവിയ്ക്ക് ചൈനയില്‍ 29.9 ലക്ഷം രൂപയാണ് വില. യുഎസില്‍ 37.5 ലക്ഷം രൂപയ്ക്കും ഈ മോഡല്‍ ലഭ്യമാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വിലയിലെ പ്രകടമായ വ്യത്യാസത്തിന് പ്രധാന കാരണം ഇറക്കുമതി തീരുവകളാണ്, നിലവില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച വാഹനങ്ങള്‍ ആണ് ടെസ്‌ല ഇറക്കുമതി ചെയ്യുന്നത്. തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നിട്ടില്ല. ഒരു പ്രാദേശിക നിര്‍മ്മാണത്തിന് ടെസ്‌ല ഒരുക്കവുമല്ല.

ശരിയായ നഗരത്തിലും സംസ്ഥാനത്തിലുമാണ് ടെസ് ല എത്തിയിരിക്കുന്നതെന്നും ഇന്ത്യയിലെ സംരഭക തലസ്ഥാനമാണ് മുംബൈ എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം, ജൂലൈ അവസാനത്തോടെ ടെസ്‌ല ദില്ലിയില്‍ രണ്ടാമത്തെ ഷോറൂം തുറക്കും. ടാറ്റ മോട്ടോഴ്സ്, എംജി മോട്ടോര്‍, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ ബജറ്റ് ഇവി നിര്‍മ്മാതാക്കളെയല്ല, മറിച്ച് ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് പോലുള്ള ജര്‍മ്മന്‍ ആഡംബര ഭീമന്മാരോടായിരിക്കും ടെസ്‌ല മത്സരിക്കുക.

Post a Comment

0 Comments