ഏഴ് മല ദൈവങ്ങളെ ആവാഹിച്ച് ഇടുക്കി ജില്ലയിലെ മന്നാൻ സമുദായത്തിന്റെ മന്നാൻ കൂത്ത് കാടിറങ്ങി വേദിയിലെത്തി.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ സംസ്ഥാനതല കലാമേള 'സർഗോത്സവം 2025' വേദിയിലാണ് മന്നാൻ സമുദായത്തിന്റെ തനത് കലാരൂപം അരങ്ങേറിയത്.
ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹമായ മന്നാൻ സമുദായത്തിന്റെ ആചാര അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും അരങ്ങേറുന്ന പ്രധാന കലയാണ് മന്നാൻ കൂത്ത്. "അടി റാമ റാമോ അടിയേങ്കളെ കാക്കവേണുമാ...." തുടങ്ങുന്ന ശ്ലോകത്തോടെയാണ് ഈ ഗോത്ര നൃത്തം അരങ്ങേരുന്നത്.
ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവിലന്റെയും കഥ ഇതിവൃത്തമാക്കിയാണ് പരമ്പരാഗത നൃത്ത മത്സരത്തിൽ ഇ എം ആർ എസ് പൈനാവ് ഇടുക്കി സ്കൂളിലെ വിദ്യാർത്ഥികൾ മന്നാൻ കൂത്ത് അവതരിപ്പിച്ചത്.
വിളവെടുപ്പ്, വേട്ടയാടൽ, കല്യാണം, മരണാനന്തര ചടങ്ങ് എന്നിങ്ങനെയുള്ള എല്ലാ പ്രധാന ചടങ്ങുകളിലും ഈ സമുദായത്തിനിടയിൽ മന്നാൻ കൂത്ത് അരങ്ങേറുന്നു.
വേഷ പകർച്ച കൊണ്ടും ആചാരങ്ങൾ കൊണ്ടും ഏറെ പ്രത്യേകതയുള്ള പരമ്പരാഗത ഗോത്ര നൃത്തമാണ് മന്നാൻ കൂത്ത്. ഇഞ്ച മരത്തിന്റെ തോലാണ് ഇതിലെ പ്രധാന വേഷം. പ്ലാവില കോർത്തു കൊണ്ടുള്ള ആഭരണം, ഭദ്രാക്ഷം, ഇല്ലിമുള എന്നിവ കൊണ്ടുള്ള മാല, തലയിൽ പരുന്ത്, മൂങ്ങ എന്നിവയുടെ തൂവലുകൾ കൊണ്ടുള്ള കിരീടം, മാവില കൊണ്ടുള്ള അരപ്പട്ട, മരക്കരി, കുങ്കുമം, അരിമാവ് എന്നിവകൊണ്ടുള്ള മുഖത്തെഴുത്ത്, ചിലങ്ക എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. 70 ചൊല്ലുകളും 82 ശ്ലോകങ്ങളും മദ്ദളം, ഇലത്താളം എന്നിവയുടെ അകമ്പടിയോടും കൂടിയാണ് കൂത്ത് അരങ്ങേറുന്നത്. ഏഴ് മുതൽ 41 ദിവസം വരെയുള്ള വ്രതാനുഷ്ഠാനത്തോടെയാണ് ഇത് അവതരിപ്പിച്ചുപോരുന്നത്.
മന്നാൻ സമുദായത്തിനിടയിൽ ഗുരുകുല വിദ്യാഭ്യാസം പോലെ സ്വായത്തമാക്കിയെടുക്കുന്ന കലയാണിത്. പെരിയാനങ്കൽ, പഞ്ചൻപുലൻ എന്നീ സഹോദരങ്ങളാണ് മന്നാൻ കൂത്ത് വികസിപ്പിച്ചെടുത്തത്. രാത്രികാലങ്ങളിലാണ് ഇത് കെട്ടിയാടുന്നത്. നിലവിൽ കേരളത്തിലെ രാജവാഴ്ച്ചയുള്ള ഒരു സമുദായം കൂടിയാണ് മന്നാൻ സമുദായം.

0 Comments