യുഎസും ഇസ്രായേലും യൂറോപ്പും ഇറാനെതിരെ സമ്പൂർണ യുദ്ധം നടത്തുന്നു; ഇറാൻ പ്രസിഡന്റ്



തെഹ്റാന്‍: അമേരിക്ക, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി രാജ്യം പൂർണ്ണ തോതിലുള്ള യുദ്ധം നേരിടുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍.

പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഈയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് മസൂദ് പെസെഷ്കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.

'എന്റെ അഭിപ്രായത്തില്‍ അമേരിക്കയുമായും, ഇസ്രായേലുമായും, യൂറോപ്പുമായുമൊക്കെ നമ്മൾ ഒരു പൂർണ്ണമായ യുദ്ധത്തിലാണ്; നമ്മുടെ രാജ്യം സ്വന്തം കാലിൽ നിൽക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല'- അദ്ദേഹം പറഞ്ഞു.

'ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധം. സൂക്ഷ്മമായി പരിശോധിച്ചാൽ, ഇത് കൂടുതൽ സങ്കീർണവും പ്രയാസമേറിയതുമാണ്’ – ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ, 1980-88 കാലഘട്ടത്തിലെ ഇറാൻ – ഇറാഖ് സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ രാജ്യത്തിനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിന് പിന്നിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നുവെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അമേരിക്കൻ യാത്രയ്ക്ക് തൊട്ടുമുമ്പാണ് പെസെഷ്കിയാന്റെ ഈ പ്രസ്താവന. ഇറാനെതിരായ ഭാവി ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിക്കാൻ നെതന്യാഹു പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേലും ഇറാനും തമ്മിൽ ജൂണിൽ 12 ദിവസം സംഘർഷം നിലനിന്നിരുന്നു. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളാണ് സംഘർഷത്തിനിടയാക്കിയത്.

Post a Comment

0 Comments