മൂന്ന് പതിറ്റാണ്ടുകളുടെ നിശബ്ദത ഭേദിച്ച് ഇറ്റാലിയൻ ഗ്രാമത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ

പഗ്ലിയാര ദേയ് മാർസി: ഇറ്റലിയിലെ അബ്രുസോ മേഖലയിലെ ഗിരിഫാൽകോ പർവതത്തിന്റെ ചരിവിലുള്ള ഒരു ചെറിയ പർവതഗ്രാമമായ പഗ്ലിയാര ദേയ് മാർസിയിൽ പൂച്ചകളുടെ എണ്ണം മനുഷ്യരെക്കാൾ വളരെ കൂടുതലാണ്. ഇടുങ്ങിയ കൽവഴികളിലൂടെ വഴുതി ഇറങ്ങി, വെയിൽ കൊള്ളുന്ന ചുമരുകളിൽ ഉറങ്ങി, നിശബ്ദതയെ മൃദുവായ പിറുപിറുപ്പുകൾ കൊണ്ട് നിറച്ച് അവിടം പൂച്ചകളുടെ ഗ്രാമമാക്കുന്നു. കഴിഞ്ഞ മാർച്ചിൽ ആ ഗ്രാമത്തെ മൂടിയിരുന്ന നിശബ്ദതയെ ഭേദിച്ച ഒരു സംഭവത്തെ കുറിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകളുടെ നിശബ്ദതയെ ഭേദിച്ച് ആ ഗ്രാമത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടിരിക്കുന്നു.

പഗ്ലിയാര ദേയ് മാർസിയിൽ ഏകദേശം 30 വർഷത്തിനിടെ ജനിച്ച ആദ്യത്തെ കുഞ്ഞാണ് ലാറ ബുസി ട്രബുക്കോ. ഇതോടെ പഗ്ലിയാര ദേയ് മാർസിയിൽ ജനസംഖ്യ ഏകദേശം 20 ആയി ഉയർന്നു. വീടിന് എതിർവശത്തുള്ള ചെറിയ പള്ളിയിൽ വെച്ചാണ് ലാറയ്ക്ക് പേരുവിളിച്ചത്. പൂച്ചകൾ ഉൾപ്പെടെ ഗ്രാമത്തിലെ മിക്കവാറും മുഴുവൻ ആളുകളും അവിടെ ഒത്തുകൂടിയിരുന്നു. കളിപ്പാട്ടങ്ങൾ പരിചിതമല്ലാത്ത ആ ഗ്രാമത്തിൽ ലാറ പെട്ടെന്ന് തന്നെ പ്രധാന ആകർഷണമായി മാറി.

'പഗ്ലിയാര ദേയ് മാർസി എന്ന ഗ്രാമം ഉണ്ടെന്ന് പോലും അറിയാത്ത ആളുകൾ ലാറയെക്കുറിച്ച് കേട്ടുകൊണ്ട് ഇങ്ങോട്ടു വരുന്നു. ഒൻപത് മാസം പ്രായത്തിൽ തന്നെ അവൾ പ്രശസ്തയാണ്.' കുഞ്ഞ് ലാറയുടെ അമ്മ സിൻസിയ ട്രബുക്കോ ദി ഗാർഡിയനോട് പറഞ്ഞു. ലാറയുടെ വരവ് പ്രതീക്ഷയുടെ പ്രതീകമാകുമ്പോൾ തന്നെ ഇറ്റലിയുടെ വഷളായിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ വാർത്ത. 2024ൽ രാജ്യത്തെ ജനനങ്ങൾ 369,944 എന്ന ചരിത്രപരമായി ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെർട്ടിലിറ്റി നിരക്കും റെക്കോർഡ് താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 2024ൽ പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ശരാശരി 1.18 കുട്ടികൾ മാത്രമാണ് ജനിച്ചത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്.

Post a Comment

0 Comments