വയനാടിന്റെ ടൂറിസം സാധ്യതകളെ തകിടം മറിച്ചുകൊണ്ട് 'കുറവാ ദ്വീപ്' അടക്കമുള്ള ഇക്കോ - ടൂറിസം കേന്ദ്രങ്ങൾ അടച്ച്‌പൂട്ടണമെന്നും, സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേരളാ ഹൈക്കോടതിയുടെ In-Re Bruno ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2021 ൽ ഒരു തെരുവ് പട്ടിക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഹൈക്കോടതി ബെഞ്ച് ആണ് In-Re Bruno ബെഞ്ച്. ഈ ബെഞ്ചിന്റെ 07-06-2024 ലെ ഇടക്കാല ഉത്തരവിലാണ് വന്യമൃഗ ശല്യവും, കൃഷിനാശവും കാരണം ശ്വാസം നിലച്ചിരിക്കുന്ന വയനാടിന്റെ ഫ്യൂസ് ഊരുന്ന വിധി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും, ജസ്റ്റിസ് പി ഗോപിനാഥും പുറപ്പെടുവിച്ചിരിക്കുന്നത്. അനുദിനം മനുഷ്യരെ കൊന്നുതള്ളുന്ന വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നത് തടയാതെ, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും ബാധിക്കുന്ന തരത്തിൽ തലതിരിഞ്ഞ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല.
ജില്ലയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കാതെ, എല്ലാതരത്തിലും വയനാട് ജില്ലയെ വന്യമൃഗങ്ങൾക്ക് വേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കപട പരിസ്ഥിതി വാദികളുടെ ഗൂഢശ്രമങ്ങളെ മതവും, ജാതിയും, കക്ഷി രാഷ്ട്രീയവും ഒക്കെ മറന്ന് എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും, നമ്മുടെ പ്രകൃതി സമ്പത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഓരോ നിയന്ത്രണങ്ങളും സമീപ ജില്ലയായ നീലഗിരിക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഭാവിയിൽ സമ്മാനിക്കാൻ പോകുന്നതെന്നും, ഈ സാഹചര്യങ്ങളെയൊ ക്കെയും ചെറുത്ത് തോൽപിക്കാൻ കരുത്തുള്ളവരാണ് ജില്ലയിലെ ജനങ്ങളെന്നും, ആ ചെറുത്ത് നിൽപ്പിന്റെ മുൻപന്തിയിൽ മലയോര കർഷക സംഘം ഉണ്ടാകുമെന്നും, കേസിൽ കക്ഷി ചേർന്ന് നിയമപരമായി തന്നെ പോരാടും എന്ന് പ്രസിഡന്റ് എംകെ കരുണാകരനും സെക്രട്ടറി ഗിഫ്റ്റൻ പ്രിൻസ് ജോർജും അറിയിച്ചു. യോഗത്തിൽ സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരായ വിനോദ് രവീന്ദ്ര പ്രസാദ് , ഷിജു മത്തായി, ട്രെഷറർ ജിനോ ജോർജ് എന്നിവർ സംസാരിച്ചു
0 Comments