അനുനയ നീക്കവുമായി മുഖ്യമന്ത്രി; മുനമ്പം സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

 



തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക്. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടക്കുക. ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ സമരക്കാരെ അറിയിക്കുന്നതിനൊപ്പം സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കും. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാന്‍, എറണാകുളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുനമ്പം പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളാണ് പ്രധാനമായും കൈക്കൊണ്ടത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് ഒന്നാമത്തെ തീരുമാനം. താമസക്കാരുടെ നിയമപരമായ അവകാശം സംരക്ഷിക്കും, റിട്ടയേര്‍ഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും, തീരുമാനമാകുന്നതുവരെ നോട്ടീസ് അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിന് നിര്‍ദേശം എന്നിവയാണ് മറ്റ് തീരുമാനങ്ങള്‍. എന്നാല്‍ ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഭൂസംരക്ഷണ സമിതി തയ്യാറായിട്ടില്ല.

മുനമ്പം വിഷയം പരിഹരിക്കാന്‍ വീണ്ടും ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് നീതിയല്ലെന്നാണ് ഭൂസംരക്ഷണ സമിതിയുടെ നിലപാട്. വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരകണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. തങ്ങളെ കേള്‍ക്കാതെ, തങ്ങളുടെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയതെന്നും കമ്മീഷനെ വെച്ച് നടപടിക്രമങ്ങള്‍ ദീര്‍ഘിപ്പിക്കരുതെന്നും ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി  പറഞ്ഞിരുന്നു

Post a Comment

0 Comments