തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതി; ഒളിവിലായിരുന്ന അക്കൗണ്ടന്‍റ് പിടിയിൽ, അക്രഡിറ്റഡ് എഞ്ചിനീയര്‍ വിദേശത്തേക്ക് കടന്നു

 


കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ. അക്കൗണ്ടന്‍റ് വിസി നിധൻ ആണ് പിടിയിലായത്. ജീവനക്കാരനെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ ഉള്‍പ്പെട്ട അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സംശയം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിലാണ് രണ്ട് വർഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതി കണ്ടെത്തിയത്. ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമായിരുന്നു തട്ടിപ്പ്. രണ്ട് ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്നും ഭരണസമിതിക്ക് അറിവില്ലെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവർക്ക് തൊഴില്‍ ലഭ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയിലാണ് തൊണ്ടർനാട് വൻ തട്ടിപ്പ് നടന്നത്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാർത്ഥ കണക്കെഴുതി സോഫ്റ്റ്‍വെയറില്‍ കൃത്രിമം കാണിച്ചായിരുന്നു വെട്ടിപ്പ് നടന്നത്.

ഒരു ആട്ടിൻകൂടിനോ കോഴിക്കൂടിനോ എസ്റ്റിമേറ്റ് 69,000 രൂപയാണെന്ന് കണക്കാക്കിയിരിക്കെ 1,20000 രൂപ വരെയാണ് സോഫ്റ്റ്‍വെയറില്‍ കാണിച്ചിരുന്നത്. 2024 ല്‍ മാത്രം 142 ആട്ടിൻകൂടുകള്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ വിതരണം ചെ്യതപ്പോള്‍ തട്ടിപ്പ് ലക്ഷങ്ങള്‍ കടന്നു. ഈ പദ്ധതികളൊക്കെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കൻ രൂപീകരിച്ചിരിക്കുന്നുവെന്നിരിക്കെ കരാറുകാരന് മാത്രം പണം കിട്ടുന്ന രീതിയിലായിരുന്നു തൊണ്ടർനാട്ടെ പദ്ധതികള്‍.

തോടുകളില്‍ കയർഭൂവസ്ത്രം വിരിച്ചതിന് നജീബ് എന്ന കരാറുകാരന് 9,52,000 രൂപയും ഇത് ഉറപ്പിക്കാൻ മുള വാങ്ങിയതിന് 4,72,554 രൂപയും നല്‍കി. പലവക ചെലവുകള്‍ ഇനത്തില്‍ 102000 രൂപയും കൂടി നല്‍കി. ആകെ 15 ലക്ഷം രൂപ കരാറുകാരന് പഞ്ചായത്ത് കൊടുത്തു. എന്നാല്‍, യഥാർത്തില്‍ പഞ്ചായത്തില്‍ അങ്ങനെ ഒരു പദ്ധതി തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്.

സംഭവം വലിയ രാഷ്ട്രീയ വിവാദമാവുകയാണ്. സിപിഎം പത്ത് വർഷമായി ഭരിക്കുന്ന പഞ്ചായത്തിലാണ് ഈ ക്രമക്കേട് നടന്നത്. അക്കൗണ്ടന്‍റായ സി വി നിധിനും അക്രഡിറ്റഡ് എഞ്ചിനീയറായ ജോജോ ജോണിയും ചേർന്ന് നടത്തിയ തട്ടിപ്പെന്നാണ് പഞ്ചായത്തിന്‍റെ വാദം. എന്നാല്‍, ഭരണ സമിതി അറിയാതെ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്.

സംഭവത്തില്‍ പഞ്ചായത്ത് നാല് ജീവനക്കാരെ സസ്പെന്‍റ് ചെയ്ത്. സംഭവം പുറത്തായതോടെ ജോജോയും നിധിൻ ഒളിവില്‍ പോയിരുന്നു. തുടര്‍ന്നാണ് നിധിനെ ഇന്ന് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത്. ജോജോ വിദേശത്തേക്ക് കടന്നതായാണ് സംശയം.

Post a Comment

0 Comments