എറണാകുളം: സ്വകാര്യബസുകളുടെ മത്സരയോട്ടം കാരണം ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തുകളിൽ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മത്സര ഓട്ടത്തിനിടെ സ്വകാര്യബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൾ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ, നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പൊലീസ് മേധാവി, അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ഈ സംഭവത്തിൽ അന്വേഷണം നടത്തണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അബ്ദുൾ സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അപകടത്തിലേക്ക് നയിച്ച വസ്തുതാപരമായ കാര്യങ്ങൾ, ഇതേ ബസിനെതിരെ മുമ്പ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് കമ്മീഷനെ ധരിപ്പിക്കണം.
ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമ്മീഷനിൽ സമർപ്പിക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അമിതവേഗത, അശ്രദ്ധ മുതലായ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥി ഗോവിന്ദ് എൻ ഷേണായിയുടെ മരണത്തോട് അനുബന്ധിച്ച് കമ്മീഷൻ ജൂലൈ 30 ന് രജിസ്റ്റർ ചെയ്ത കേസും സെപ്റ്റംബർ ഒന്നിന് പരിഗണിക്കും.
0 Comments