യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങൾ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ, വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തലാലിന്റെ സഹോദരൻ വീണ്ടും കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
2017 മുതൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം.
0 Comments