ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് പിന്നാലെ, ഇന്ത്യയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് ആർ. മാർക്കോസ് ജൂനിയറിൻ്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുമെന്നാണ് സൂചന. പ്രതിരോധം, നാവിക സുരക്ഷ, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഫിലിപ്പീൻസ് പ്രസിഡന്റ് ഇന്ന് ന്യൂഡൽഹിയിൽ എത്തുന്നത്. ഇന്ത്യയിൽനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഇന്ത്യയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏപ്രിലിലാണ് ഫിലിപ്പീൻസിന് ഇന്ത്യ രണ്ടാമത്തെ ബാച്ച് ബ്രഹ്‌മോസ് മിസൈൽ യൂണിറ്റ് കൈമാറിയത്. 3.75 കോടി ഡോളർ (ഏകദേശം 328.17 കോടി ഇന്ത്യൻ രൂപ) ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ ബ്രഹ്‌മോസ് മിസൈലിനായി നടന്നത്. 2022-ലായിരുന്നു ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം മൂന്ന് ബ്രഹ്‌മോസ് മിസൈൽ സംവിധാനങ്ങളാണ് ഇന്ത്യ ഫിലിപ്പീൻസിന് കൈമാറേണ്ടത്.
ഫിലിപ്പീൻസ് വ്യോമസേന മേധാവി അടുത്തിടെ ഇന്ത്യയുടെ പ്രതിരോധ ശേഷിയെ പ്രശംസിച്ചിരുന്നു. ഇന്ത്യ വികസിപ്പിച്ച ആയുധങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും കൂടുതൽ ആയുധങ്ങളിൽ താൽപ്പര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയിൽനിന്ന് അധികമായി രണ്ട് ബ്രഹ്‌മോസ് മിസൈൽ സംവിധാനങ്ങൾ കൂടി ഫിലിപ്പീൻസ് വാങ്ങിയേക്കും.
കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യൻ ആയുധങ്ങളിലേക്ക്
ഫിലിപ്പീൻസിന് പുറമെ, മറ്റ് രണ്ട് കിഴക്കനേഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യയും വിയറ്റ്നാമും ബ്രഹ്‌മോസ് മിസൈലിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 4.5 കോടി ഡോളറിന്റെ ഇടപാടാണ് ഇന്തോനേഷ്യയുമായി പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമുമായി 6.25 കോടിയുടെ ഇടപാടാണ് ഉണ്ടാകാൻ സാധ്യത. നേരത്തെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്നാമിന് 12 ഹൈസ്പീഡ് ഗാർഡ് ബോട്ടുകൾക്കായി ഒരു കോടി ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റായി ഇന്ത്യ നൽകിയിരുന്നു.
ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ സൂചനയായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നും കരുതപ്പെടുന്നു. പ്രസിഡന്റ് മാർക്കോസിന്റെ ഇന്ത്യാ സന്ദർശനം ഈ സഹകരണങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ.
0 Comments