ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരും



ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

അതേസമയം അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.


Post a Comment

0 Comments