കന്യാസ്ത്രീകളുടെ ജാമ്യം വൈകിപ്പിക്കാൻ ശ്രമം നടന്നു; കെ.സി വേണുഗോപാൽ

 


തിരുവനന്തപുരം: ഛത്തീസ്ഗഡി‍ൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യം വൈകിപ്പിക്കാൻ ശ്രമം നടന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇത്രയും ഗുരുതരമായ വകുപ്പുകൾ ചേർത്ത് കന്യാസ്ത്രീകളെ ജയിലിലടച്ചിട്ട് ഞങ്ങൾ ഇടപെടൽ നടത്തുന്നുവെന്ന് ബിജെപി പറയുന്ന് എന്ത് അർത്ഥത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

ആദ്യ ദിവസം തന്നെ അവർക്ക് ജാമ്യം കിട്ടേണ്ടതായിരുന്നു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസീസിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. ഒരു കുറ്റവും ചെയ്യാതെ, സഹായിക്കാൻ രംഗത്തു വന്ന കന്യാസ്ത്രീകളെയാണ് ജയിലിലടച്ചതെന്നും അദ്ദേഹം പറഞ്ഞു.

'കന്യാസ്ത്രീകളെ വളരെ അപകീർത്തികരമായി മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ജയിലിലടച്ചത്. കേസെടുക്കേണ്ട സാഹചര്യമില്ലാതിരുന്നിട്ടും കേസെടുത്തു. ജാമ്യം പരമാവധി വൈകിപ്പിക്കാനാണ് ഛത്തീസ്ഗഡ് പൊലീസ് ശ്രമിച്ചത്. രാജ്യത്തിനു തന്നെ അപകടകരമാകുന്ന കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്‘, അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments