തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ അതിരൂക്ഷമായി വിമർശിച്ച് കോടതി. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞു.
ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
സത്യം കണ്ടെത്തുന്നതിനപ്പുറം അജിത് കുമാറിനെ സംരക്ഷിക്കാനായിരുന്നു ശ്രമം. സത്യം വെളിപ്പെടുത്തുന്നതിനുള്ള വസ്തുതകൾ അന്വേഷണ റിപ്പോർട്ടിൽ ശേഖരിക്കപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കേസ് നേരിട്ട് അന്വേഷിക്കും. വിജിലൻസിന്‍റെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്. അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നു. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ നേരത്തെ മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുൻപാകെ ഹാജരാകാനും നിർദേശം നൽകിയിരുന്നു.
0 Comments