ന്യൂഡൽഹി: ദേശീയ സുരക്ഷയും സൈനിക ശേഷിയും ബലപ്പെടുത്തുന്നതിനായി അഗ്നിവീർ റിക്രൂട്ട്മെൻ്റ് ഒരു ലക്ഷമായി ഉയർത്താനൊരുങ്ങി കരസേന. നിലവിൽ ഓരോ വർഷവും ലഭ്യമാകുന്ന 45,000 മുതൽ 50,000 ഒഴിവുകൾ ഒരുലക്ഷം കവിയുന്ന രീതിയിൽ വർധിപ്പിക്കാനുള്ള നടപടികളാണ് കരസേന പരിഗണിക്കുന്നത്. നിലവിൽ സൈനിക വിഭാഗത്തിൽ ഏകദേശം 1.8 ലക്ഷം പേരുടെ കുറവ് നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. 2020, 2021 എന്നീ വർഷങ്ങളിലെ കോവിഡ് മഹാമാരിയുടെ സമയത്ത് റിക്രൂട്ട്മെൻ്റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ ഓരോ വർഷവും 60,000 മുതൽ 65,000 സൈനികർ വിരമിച്ചെങ്കിലും പകരം നിയമനങ്ങൾ നടന്നിരുന്നില്ല. പിന്നീട് 2022 ജൂൺ 14ന് അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയപ്പോൾ നാലു വർഷത്തെ സേവന കാലാവധിയോടെയുള്ള റിക്രൂട്ട്മെൻ്റാണ് ആരംഭിച്ചത്. ആ വർഷം മൂന്നു സേനകളിലുമായി മൊത്തം 46,000 ഒഴിവുകൾ അനുവദിക്കപ്പെടുകയും അതിൽ 40,000 കരസേനയ്ക്കായി മാറ്റിവെക്കുകയും ചെയ്‌തിരുന്നു.

0 Comments