വാണിജ്യ സിലിണ്ടറിന്‍റെ വില വര്‍ധനവ്; ഇന്ന് ഹോട്ടലുകൾ അടച്ച് പ്രതിഷേധം

 



തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ച കേന്ദ്ര നടപടിക്കെതിരെ ഹോട്ടലുകൾ അടച്ചുള്ള പ്രതിഷേധം ഇന്ന് . കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് മാർച്ചും ധർണയും സംഘടിപ്പിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുക.

മെയ് 1നാണ് രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യപാചകവാതക സിലിണ്ടറിന്‍റെ വില കൂട്ടിയത്. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.

ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി.

Post a Comment

0 Comments