മനുഷ്യച്ചങ്ങലക്ക് ആഹ്വാനം ചെയ്ത് 'കോക്രോച്ച് ജനതാ പാർട്ടി'; മുന്നറിയിപ്പുമായി പൊലീസ്

 



ബംഗളൂരു: മേയ് 24ന് ബംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ പോസ്റ്റർ. ടൗൺ ഹാൾ പരിസരത്ത് സമാധാനപരമായി മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിൽ പറയുന്നത്.

അതേസമയം പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നഡ ഭാഷയിലാണ് പോസ്റ്റർ. പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൽ പറയുന്നു.

തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് താരതമ്യപ്പെടുത്തിയ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റയിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തെ ട്രോളുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിൽ പൂനെ സ്വദേശി അഭിജീത് ദീപ്‌കെ ആണ് എക്‌സിൽ 'കോക്രോച്ച് ജനതാ പാർട്ടി' പേജ് തുടങ്ങിയത്.

Post a Comment

0 Comments