എടുക്കാത്ത വെള്ളത്തിനും ബിൽ; നിർധന കുടുംബത്തിന് വാട്ടർ അതോറിറ്റിയുടെ ഷോക്ക് ട്രീറ്റ്മെന്റ്

 



കേളകം: ഉപയോഗിക്കാത്ത വെള്ളത്തിനും വൻതുക ബിൽ എത്തിച്ചതോടെ നിർധന കുടുംബം ദുരിതത്തിലായി. കേളകം പൊയ്യ മല സ്വദേശി പാറംതോട്ടത്തിൽ മറിയാമ്മയ്ക്കാണ് കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് 14,920 രൂപയുടെ ബിൽ ലഭിച്ചത്.

ജലജീവൻ മിഷന്റെ കുടിവെള്ള കണക്ഷനിലാണ് ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല്. കുടിവെള്ളത്തിന് മറ്റ് സ്രോതസ്സ് ഉള്ളതിനാൽ ഈ ജലം ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാത്ത വെള്ളത്തിലാണ് ഈ വലിയ തുക ബില്ല് വന്നിരിക്കുന്നത് എന്നാണ് കുടുംബത്തിന്റെ പരാതി. ആദ്യം 10,000 രൂപയിലധികം ബിൽ വന്നപ്പോൾ തന്നെ കണക്ഷൻ വിച്ഛേദിക്കണമെന്നും ഉപയോഗമില്ലാത്തതിനാൽ ബിൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാതെ വീണ്ടും ഏകദേശം 5,000 രൂപയോളം അധിക ബിൽ കൂടി എത്തുകയായിരുന്നു.

ദിവസവേതനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ തുക അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നിരവധി തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് മറിയാമ്മ പറയുന്നത്. ഉപയോഗിക്കാത്ത വെള്ളത്തിന് ഇത്തരത്തിൽ വലിയ ബിൽ ഈടാക്കുന്നത് അന്യായമാണെന്നും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ഈ ബിൽ കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ വഴിമുട്ടി നിൽക്കുകയാണ് കുടുംബം.


Post a Comment

0 Comments