ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി

 

സ്വകാര്യ മേഖലയില്‍ വലിയ ചെലവ് വരുന്ന ഫിസിയോതെറാപ്പി ചികിത്സകള്‍ ഇനി പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കും. ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലാണ് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് ഈ പുതിയ കാല്‍വെപ്പ്. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ശാസ്ത്രീയമായ മേല്‍നോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. പക്ഷാഘാതം, സന്ധിവേദന, നാഡീരോഗങ്ങള്‍ എന്നിവയ്ക്ക് പുറമെ അപകടങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷമുള്ള ശാരീരിക പുനരധിവാസത്തിനും ഇവിടെ മികച്ച ചികിത്സ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഇന്‍ജുറി മാനേജ്‌മെന്റ്, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പരിചരണം എന്നിവയും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇലക്ട്രോതെറാപ്പി, ഷോക്ക് വേവ്, ലേസര്‍ തെറാപ്പി, വാക്ക്വം തെറാപ്പി, സ്പൈനല്‍ ഡീകംപ്രേഷന്‍ തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളും ആധുനിക വ്യായാമ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

0 Comments