ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എസ്‌ഐടി. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ തിരിമറി നടന്നതായാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2020ന് ശേഷം ലഭിച്ച പല സംഭാവനകളും രേഖകളിലില്ലെന്നും എസ്‌ഐടി പറയുന്നു.
എട്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, രാമശങ്കര്‍ യാദവ് എന്ന ടിന്നു, സുഭാഷ് ചന്ദ്ര, കരുണേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.
പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. മനഃപൂര്‍വമായ മോഷണം, മോഷണത്തിന് സഹായം നല്‍കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഭണ്ഡാരക്കൊള്ളയില്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിക്കെതിരായ ആരോപണം കടുത്തതോടെ അന്വേഷണം ഭാരവാഹികളിലേക്ക് കൂടി വ്യാപിപ്പിക്കാനും എസ്ഐടി ഇന്നലെ തീരുമാനിച്ചിരുന്നു.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചക്കകം പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. 2023ല്‍ ഒമ്പത് കോടി രൂപക്ക് വാങ്ങിയ ഭൂമി 55 കോടി രൂപയ്ക്ക് ക്ഷേത്രത്തിന് വിറ്റുവെന്നാണ് ചമ്പത്തിനെതിരെയുള്ള ആരോപണം.
അതേസമയം ട്രസ്റ്റിലെ ക്രമക്കേട് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നതായി ഓഡിറ്റ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പണമിടപാടുകള്‍ക്ക് കൃത്യമായ രേഖയില്ലെന്ന് 2020ല്‍ തന്നെ ഓഡിറ്റ് സംഘം കണ്ടെത്തിയിരുന്നു.
വിപണി വിലയേക്കാള്‍ 500% മുതല്‍ 800% വരെ ഉയര്‍ന്ന നിരക്കില്‍ ട്രസ്റ്റ് ഏകദേശം 71 ഏക്കറോളം ഭൂമി വാങ്ങിയതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
നിലവില്‍ ക്ഷേത്രത്തിലെയും ട്രസ്റ്റിലെയും സിസിടിവി ദൃശ്യങ്ങള്‍, വഴിപാടുകളുടെ വിവരങ്ങള്‍, സംഭാവനകള്‍ എണ്ണുന്ന രീതി, പണം ബാങ്കില്‍ നിക്ഷേപിക്കുന്ന പ്രക്രിയ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വശങ്ങള്‍ അന്വേഷണസംഘം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

0 Comments