തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അനിൽ അക്കര രാജിവെച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പുതിയ നേതാക്കൾക്ക് അവസരം നൽകുന്നതിന് പാർട്ടിയിലുണ്ടാക്കിയ മുൻകൂർ ധാരണയുടെയും അടിസ്ഥാനത്തിലാണ് രാജി. ജൂൺ 30നാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റിന്റെ ചുമതലകൾ വളരെ വിപുലമായതിനാൽ രണ്ട് പ്രധാന സ്ഥാനങ്ങൾ ഒരേസമയം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ പ്രവർത്തിക്കാനാണ് താൻ താല്പര്യപ്പെട്ടിരുന്നതെന്നും, ആ വിശ്വാസം ഉൾക്കൊണ്ടാണ് പാർട്ടി തന്നെ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും രാജിക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിൽ പുതിയ നേതാക്കൾക്ക് അവസരം ലഭിക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അനിൽ അക്കരയുടെ രാജി. ഒരാളുടെ അവസരം മറ്റൊരാൾ തടസപ്പെടുത്തരുതെന്ന അന്തരിച്ച നേതാവ് പി.ടി. തോമസിന്റെ പാഠം അദ്ദേഹം തന്റെ കുറിപ്പിൽ പ്രത്യേകം സ്മരിച്ചു. താൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കിൽ മറ്റ് രണ്ട് സഹപ്രവർത്തകർക്ക് ആ അവസരം ലഭിക്കാൻ വീണ്ടും വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനിച്ച പുതിയ ധാരണ പ്രകാരം, അടുത്ത രണ്ട് വർഷം ഇരുപതാം വാർഡ് മെമ്പർ പി.ജെ സണ്ണി അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകും. ശേഷിക്കുന്ന കാലയളവിൽ ഒൻപതാം വാർഡ് മെമ്പറായ ടി.ഡി വിൽസൺ ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളജ് വാർഡിലെ ജനപ്രതിനിധിയായി അനിൽ അക്കര തുടരും. പ്രസിഡന്റ് എന്നതും മെമ്പർ എന്നതും തനിക്ക് സ്ഥാനങ്ങൾ മാത്രമാണെന്നും, ജനങ്ങളോടൊപ്പം കൂടുതൽ സജീവമായി നാടിന്റെ വികസനത്തിനായി താൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടാട്ട് ഗ്രാമപഞ്ചായത്ത് ഭരണം തിരികെ പിടിക്കുക എന്ന പാർട്ടിയുടെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം പ്രസിഡന്റ് പദവിയിൽ നിന്നും പടിയിറങ്ങുന്നത്.