കൊൽക്കത്ത: ഇന്ത്യയുടെ നാവിക സേനക്ക് കരുത്ത് പകരാൻ മൂന്ന് പുതിയ തദ്ദേശീയ നിർമിത യുദ്ധകപ്പൽ കൂടി. ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രായ് കപ്പലുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ എൻജിനീയർമാരുടെ കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് ഈ തദ്ദേശിയ യുദ്ധകപ്പലുകളെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ ശ്യാമാപ്രസാദ് മുഖർജി പോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ആർ. എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരും സന്നിഹിതരായിരുന്നു.
അറിയാം യുദ്ധ കപ്പലുകളുടെ പ്രത്യേകതകൾ
ഐഎൻഎസ് ദുനാഗിരി: അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഘടിപ്പിച്ച യുദ്ധക്കപ്പലാണ് ഐഎൻഎസ് ദുനാഗിരി. ശത്രുക്കളുടെ റഡാറുകളിൽ പെടാത്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഐഎൻഎസ് സംശോധക്: സമുദ്രശാസ്ത്ര വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന 'സർവേ വെസ്സൽ' വിഭാഗത്തിൽ ഉൾപ്പെടുന്ന യുദ്ധകപ്പലാണ് ഐഎൻഎസ് സംശോധക്. തീരദേശത്തും ആഴക്കടലിലും ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്താൽ സാധിക്കുന്ന തരത്തിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന അന്തർവാഹിനികളും വെള്ളത്തിനടിയിലൂടെ റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന വാഹനങ്ങളും സംശോധകിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തി ശുശ്രൂഷിക്കാനുള്ള സംവിധാനങ്ങളും ഐഎൻഎസ് സംശോധിൽ ഉണ്ട്.
ഐഎൻഎസ് അഗ്രായ്: ആന്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് യുദ്ധക്കപ്പലാണിത്. ശത്രു അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

0 Comments