തെഹ്റാൻ: ഇറാൻ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണം നേരിട്ട എൽപിജി ടാങ്കറിലെ ജീവനക്കാരായ 28 ഇന്ത്യക്കാരും സുരക്ഷിതർ. തെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊസാംബിക് രജിസ്ട്രേഷനുള്ള ദിശ എന്ന എൽപിജി ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിലാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.
കരിങ്കടലിൽ ദിവസങ്ങൾ മുമ്പ് വാണിജ്യ കപ്പലിനുനേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. വാണിജ്യ കപ്പലുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണമെന്നും സിവിലിയൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ- അമേരിക്ക സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കാര്യമായി കപ്പൽ ഗതാഗതം നടക്കുന്നില്ല.
ഇറാൻ സമുദ്രാതിർത്തിയിലുള്ള കപ്പലുകൾക്ക് നേരെ അമേരിക്കയും ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാനും ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നോ- രണ്ടോ കപ്പലുകൾ മാത്രമാണ് ഹോർമുസിലൂടെ സഞ്ചരിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്തായി 6000 നാവികർ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവരെ രക്ഷപ്പെടുത്താൻ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം യു.എൻ. ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു.
%20(1).jpg)
0 Comments