ഗണ്‍മാന്‍മാരുടെ മര്‍ദനം; അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എം.ആര്‍ അജിത് കുമാര്‍

 



തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിലെ അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എഡിജിപി എം.ആര്‍ അജിത് കുമാര്‍.

വിശദീകരണം ആവശ്യപ്പെട്ട് അഞ്ച് നാള്‍ പിന്നിട്ടിട്ടും മറുപടി നല്‍കാന്‍ അജിത് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് വിശദീകരണം തേടിയത്.

അജിത് കുമാറിന്റെ മറുപടി ലഭിക്കാത്തതിനാല്‍ കേസിലെ തുടര്‍നടപടിയും വൈകുകയാണ്. ഇതുവരെ എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാന്‍ ഡിജിപിക്ക് സാധിച്ചിട്ടില്ല.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയില്‍ നല്‍കാന്‍ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ്.

എന്നാല്‍ ഇതില്‍ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നായിരുന്നു ഡിജിപിയുടെ നിലപാട്.

പിന്നാലെ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് എസ്‌ഐടി വിവരങ്ങള്‍ കൈമാറിയിരുന്നു. കേസ് അട്ടിമറിച്ചതില്‍ എഡിജിപിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാല്‍ എം.ആര്‍ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തല്‍.

Post a Comment

0 Comments