യുക്രെയ്‌നിലെ റഷ്യൻ കപ്പലാക്രമണം; മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം




 ന്യൂഡല്‍ഹി: യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയനാണ് മരിച്ചത്.

യുക്രെയ്‌നിലെ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുക്രെയ്‌ന്‍ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോള്‍ഡന്‍ ലിയോ കപ്പലാണ് ആക്രമിക്കപ്പെട്ടത്.

സിറിയന്‍- ഇന്ത്യന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി യുക്രെയ്‌ന്‍ സീപോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കി നൂറുകണക്കിന് ഡ്രോണുകളാണ് യുക്രെയ്‌ന്‍ വിക്ഷേപിച്ചത്.

Post a Comment

0 Comments