തൊടുപുഴ പോലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 



തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്.

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഔദ്യോഗിക ജീപ്പിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി, പുകയില ഉൽപ്പന്നങ്ങൾ, ചീട്ടുകൾ എന്നിവ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.

സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ നാട്ടുകാർക്കെതിരെ കേസെടുത്തതും വിവാദമായി. തുടർന്ന് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാന പോലീസ് മേധാവിയോട് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

Post a Comment

0 Comments