കോഴിക്കോട്: വടകര വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് റിബേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചെങ്കിലും കോടതി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. നേരത്തെ അന്വേഷണസംഘം പലതവണ റിബേഷിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റിലായിരുന്നു. കേസില്‍ റിമാന്‍ഡിലായി 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജിതിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയതും വലിയ വിവാദമായിരുന്നു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. കേസ് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം.

ജിതിന് സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ വാദിക്കുമ്പോഴും, ജിതിന്‍ തന്നെയാണ് ഇത് നിര്‍മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ജിതിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ കൂടുതല്‍ തുടര്‍നടപടികളുണ്ടാകും. ജൂണ്‍ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.