ദുബൈ: ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വീണ്ടും മറുപടിയുമായി സഞ്ജു സാംസൺ. സ്വന്തം ടീം അംഗങ്ങളുമായി മത്സരത്തിനില്ലെന്നും, കളിക്കേണ്ടത് എതിർ ടീമിലെ കളിക്കാരോടാണെന്നും മലയാളി താരം പറഞ്ഞു. ദുബൈയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് നിലപാട് വ്യക്തമാക്കിയത്.

'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. താൻ പറഞ്ഞതെല്ലാം സാധാരണ കാര്യങ്ങൾ മാത്രമാണ്. ക്രിക്കറ്റിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഇന്റർവ്യൂവിൽ കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം സാധാരണ പറയാറുള്ളത് തന്നെയാണ്. ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം. സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾ എന്നെ ബാധിക്കുന്നതല്ല' -സഞ്ജു അഭിപ്രായപ്പെട്ടു

ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കഴിഞ്ഞ ദിവസം ജിയോ ഹോട്ട്‌സ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു സാംസൺ തുറന്നടിച്ചത്. 'നമ്മുടെ രാജ്യത്ത് ഒരിക്കലും അവസാനിക്കാത്ത മത്സരമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മത്സരത്തിന്റെ ഭാഗമാകേണ്ടെന്ന് 2026 ടി20 ലോകകപ്പിന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. എനിക്ക് ക്രിക്കറ്റ് ആസ്വദിക്കാനാണ് താൽപര്യം. ദൈവാനുഗ്രഹത്താൽ ഒരുപാട് കാര്യങ്ങൾ നേടാനായി. ഇപ്പോൾ 31 വയസായി, സ്വന്തമായി തീരുമാനിക്കാൻ അറിയാം- ബിലീവ് പരിപാടിയിൽ സംസാരിക്കവെ സഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു. അഭിമുഖം ചർച്ചയായതോടെയാണ് വീണ്ടും നിലപാട് ആവർത്തിച്ച് ഇന്ത്യൻ ഓപ്പണർ രംഗത്തെത്തിയത്.

കരിയറിൽ ടീം തിരഞ്ഞെടുപ്പുകളോ തിരിച്ചടികളോ നേരിടുമ്പോൾ സ്വന്തം പ്രകടനത്തിലും കളിമെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന നിലപാടാണ് സഞ്ജു പങ്കുവെച്ചത്‌. ടീമിലെ റോളുകൾ മാറിമറിയുമ്പോഴും ശാന്തനായി കളിയെ സമീപിക്കാനാണ് ശ്രമമെന്നും താരം പറഞ്ഞു.