തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർക്കാർ. പദ്ധതിയുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടു.
ഈ കാലയളവിൽ വിതരണം ചെയ്ത സൗജന്യ ടിക്കറ്റുകളുടെ ആകെ മൂല്യം 266.53 കോടി രൂപയാണ്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിദിനം വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ മൂല്യം ഏകദേശം 2.75 കോടി രൂപയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന പദ്ധതിയാണ് പ്രിയദർശിനി.
അതേസമയം, കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും.
രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി പദ്ധതി ആരംഭിച്ച് നൂറ് ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.
പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments