മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

 



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ് എം എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്നലെ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവിടെ നാല് പേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കടുക്കുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Post a Comment

0 Comments