മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടന്‍ അനസ് യാസീന്‍, തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എന്‍ഡിആര്‍എഫ് സംഘവും അഗ്‌നിശമനസേനയും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയിലുണ്ടായ കനത്ത മഴയാണ് പുഴയില്‍ പെട്ടെന്ന് ഒഴുക്കും വെള്ളവും വര്‍ധിക്കാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ കണ്ട് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന മേഖലയാണിത്. പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയില്‍ അപകടസാധ്യതയും കൂടുതലാണ്.

0 Comments