തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ പലയിടങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നതായി കെഎസ്‌ഇബി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതിന് പുറമെ ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തിൽ ഈ മാസം മുഴുവനും വൈദ്യുതി പ്രതിസന്ധി തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.
പ്രതിസന്ധി പരിഹരിക്കാൻ ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായി ചർച്ച നടത്തിയ കെഎസ്‌ഇബി ചെയർമാൻ കേരളത്തിൽ തിരിച്ചെത്തിയെങ്കിലും അധിക വൈദ്യുതി എത്തിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള ചർച്ചകൾക്കായി രണ്ട് കെഎസ്‌ഇബി ഡയറക്ടർമാർ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. വരുന്ന ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

0 Comments