വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഒളിവിൽ പോയ സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസാണ് ഇയാൾ കടത്തികൊണ്ടുപോയത്.

മോഷണം പോയത് ഏഴ് ചാക്ക് ഹാൻസ്

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തിയ്യതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റൻറ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതൽ മോഷണം പോയത് കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് മോഷണം നടത്തിയതിനാൽ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ അന്വേഷണം.

ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച്പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26 ന്ന് കോടതിയിൽ ഹാജരാക്കി. ശേഷം പൊലിസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലിസ് പറയുന്നത് അനുസരിച്ച് ജൂലൈ 18 ന് ജിഡി ചാർജിലായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലാണ് 7 ചാക്ക് ഹാൻസ് കടത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിൽ ആയിരുന്ന സബിത്ത് ഇപ്പോൾ ഒളിവിലാണ്. ഓപ്പറേഷൻ തൂഫാൻ നടപ്പാക്കി ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് സേനയ്ക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കി പൊലീസുകാരന്റെ തൊണ്ടി മുതൽ മോഷണം.