ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. രാജ്യത്തും തെരഞ്ഞെടുപ്പ് പ്രക്രിയയിലും കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള ഏതൊരു നീക്കത്തിനും പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കണമെന്നില്ലെന്നും വാങ്ചുക് പറഞ്ഞു.
'ഒരു ജനാധിപത്യരാജ്യത്തിന് ഏറ്റവും അനിവാര്യമായ കാര്യങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. അത് മെച്ചപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ തകര്‍ന്നാല്‍ പിന്നെ ജനാധിപത്യത്തില്‍ എന്താണ് ബാക്കിയുള്ളത്? സര്‍ക്കാരുകള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം. നീതിയും ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പാര്‍ട്ടികളെയും ഞാന്‍ പിന്തുണയ്ക്കും. അത് ഭരണകക്ഷിയായ ബിജെപിയില്‍നിന്നുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരായാലും പിന്തുണക്കും' -വാങ്ചുക് പറഞ്ഞു.
നേരത്തെ, സിജെപിയുടെ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സോനം വാങ്ചുക് ഉണ്ടായിരുന്നു. ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിയ വാങ്ചുകിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമരത്തിന്റെ വിജയത്തിന് പിന്നാലെ സിജെപി നേതൃത്വവുമായി വാങ്ചുകിന് അഭിപ്രായ ഭിന്നതകളുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സിജെപി നേതൃത്വത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്നതിലായിരുന്നത്രെ ഭിന്നത. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം അസ്ഥാനത്താക്കിയാണ് ഇപ്പോള്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ തുടക്കമായാണ് ഒക്ടോബര്‍ രണ്ട് മുതല്‍ മുംബൈയില്‍ പ്രതിഷേധം ആരംഭിക്കുന്നത്. മുംബൈയിലെ ആസാദ് മൈതാനമാണ് പ്രക്ഷോഭത്തിന്റെ പ്രധാന വേദിയായി പരിഗണിക്കുന്നത്.

0 Comments