ത്രിഭാഷാ നയം: സിബിഎസ്ഇ ആറാം ക്ലാസ് വിദ്യാർഥികൾക്കും താൽക്കാലിക ഇളവ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി





ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ പുതിയ ത്രിഭാഷ നയവുമായി ബന്ധപ്പെട്ട് നിലവിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും താൽക്കാലിക ഇളവ് നീട്ടിനൽകാൻ സുപ്രീം കോടതി ഉത്തരവ്. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭ്യമായിരുന്ന ഇളവാണ് ആറാം ക്ലാസുകാർക്കും കൂടി അനുവദിച്ച് കോടതി ഉത്തരവായത്. നീക്കത്തെ കേന്ദ്ര സർക്കാർ എതിർത്തെങ്കിലും വിദ്യാർഥികളുടെ ഭാവി മുൻനിർത്തി കോടതി നിർണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പഠനത്തിനിടയിൽ പെട്ടെന്ന് ഭാഷാ നയത്തിൽ മാറ്റം വരുത്തുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മേൽ പെട്ടെന്നുള്ള മാറ്റങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കാൻ പുതിയ ക്രമീകരണം 2027 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ കോടതി നേരത്തെ കേന്ദ്രത്തോടും സിബിഎസ്ഇയോടും ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികൾ മൂന്നാമതൊരു ഭാഷ പഠിക്കുന്നത് തുടരുമെങ്കിലും പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ഈ ഭാഷയ്ക്ക് പരീക്ഷ എഴുതേണ്ടതില്ല. സ്കൂൾ തലത്തിലുള്ള ഇന്റേണൽ അസസ്‌മെന്റ് വഴിയായിരിക്കും ഇതിന്റെ മൂല്യനിർണയം. പത്താം ക്ലാസ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ മൂന്നാം ഭാഷയിലെ മാർക്ക് പരിഗണിക്കില്ല. പകരം ഒരു അറ്റൻഡൻസ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും നൽകുക.

നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് നൽകുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സിബിഎസ്ഇ സ്കൂളുകളിൽ 99 ശതമാനവും പുതിയ ഭാഷാ നയം നടപ്പിലാക്കാൻ സജ്ജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ആകെയുള്ള 28,819 സിബിഎസ്ഇ സ്കൂളുകളിൽ 1.2 ശതമാനം സ്കൂളുകൾക്ക് മാത്രമാണ് ഇനി സൗകര്യങ്ങൾ ഒരുക്കാനുള്ളതെന്നും പാഠപുസ്തകങ്ങൾ ലഭ്യമാണെന്നും കേന്ദ്രം വാദിച്ചു.

Post a Comment

0 Comments