തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച FYUGP സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപകമായ പിഴവുകൾ ഉയർന്നതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ഫലങ്ങൾ പിൻവലിച്ചു. മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ് സോഫ്റ്റ്‌വെയറിലെ പാക പിഴകൾ കാരണം പ്രസ്തുത സോഫ്റ്റ്‍വെയര്‍ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്‍ററിന്‍റെ സോഫ്റ്റ്‌വെയർ പുനസ്ഥാപിക്കാനും സിൻഡിക്കേറ്റിൽ ധാരണയായി.
പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കുക, നിലവിലില്ലാത്ത വിഷയങ്ങളുടെ റിസൽറ്റ് വരിക, ഇംപ്രൂവ്മെന്‍റ് പരീക്ഷാ മാർക്കുകളിൽ തിരിമറി വരിക, വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തുക തുടങ്ങി ഗുരുതരമായ അപാകതകളാണ് K-REAP സോഫ്റ്റ്‌വെയർ വഴി പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയത്. വരാനിരിക്കുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലെ ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ FYUGP പരീക്ഷകളുടെ രജിസ്ട്രേഷനും നടത്തിപ്പും K-REAP വഴി പരാതിരഹിതമായി പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ സർവകലാശാലയ്ക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വലിയ ആശങ്കയുണ്ട്. മാത്രമല്ല, നാലാം വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ, ഓൺലൈൻ/അധിക കോഴ്സുകളുടെ ക്രെഡിറ്റ് നൽകൽ, ഒരു സെമസ്റ്റർ മുൻപേ പഠനം പൂർത്തിയാക്കൽ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളൊന്നും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമല്ല.
ഉന്നത വിദ്യാഭ്യാസ കൗൺസിലും ASAP-ഉം ചേർന്ന് നടപ്പിലാക്കുന്ന മഹാരാഷ്ട്ര ആസ്ഥാനമായ MKCL കമ്പനിയുടെ ഈ സോഫ്റ്റ്‌വെയറുമായി കേരള സർവകലാശാലയ്ക്ക് നേരിട്ട് യാതൊരു ധാരണാപത്രവുമില്ല. ഇതുവരെ നടത്തിയ പരീക്ഷകളുടെ ഡാറ്റ പോലും സർവകലാശാലയ്ക്ക് കൈമാറിയിട്ടില്ലാത്തതിനാൽ പരീക്ഷകളുടെ സുരക്ഷയും വിദ്യാർത്ഥികളുടെ വിവരങ്ങളും വലിയ അപകടത്തിലാണ്.
സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന് K-REAP-ൽ യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ ഉയരുന്ന പരാതികളിൽ നേരിട്ട് ഇടപെടാനും സാധിക്കുന്നില്ല. എംജി, കാലിക്കറ്റ് സർവകലാശാലകൾ സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരീക്ഷകൾ നടത്തുമ്പോൾ, സർക്കാരിന്റെ സമ്മർദ്ദത്താലാണ് കേരള സർവകലാശാല K-REAP നടപ്പിലാക്കിയത്. മുൻപ് വിജയകരമായി പ്രവർത്തിച്ചിരുന്ന SLCM സംവിധാനത്തിന് പകരം പരീക്ഷാ നടത്തിപ്പിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. അതിനാൽ പരീക്ഷാ സുരക്ഷ ഉറപ്പാക്കാനും അനിശ്ചിതത്വം പരിഹരിക്കാനും K-REAP-ൽ നിന്ന് അടിയന്തരമായി പിന്മാറി സർവകലാശാല കമ്പ്യൂട്ടർ സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നടപടികൾ സർവകലാശാല ആരംഭിച്ചു.
വിദ്യാർഥികളുടെ മാർക്കുകളിൽ വന്നിരിക്കുന്ന പാകപ്പിഴകൾ ചൂണ്ടിക്കാട്ടുമ്പോൾ മുൻ സർക്കാർ നിയോഗിച്ചിട്ടുള്ള കെ റീപിന്റെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥൻ സർവ്വകലാശാലയുടെ അറിവോ സമ്മതമോ കൂടാതെ മാർക്കുകൾ മാറ്റി നൽകുന്നതായും ആക്ഷേപമുണ്ട്.

0 Comments