കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിലെത്തിച്ചത്.
തുടർന്ന് തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തുള്ള ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് മൃതദേഹം കോട്ടയത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് കോട്ടയത്തെ ഭർതൃവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം തൃശൂർ വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിക്കും. അവിടെ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് മലയാളി യുവതികളുടെ കൊലപാതകം നടന്നത്. കേസിൽ അറസ്റ്റിലായ അനിലയും മലയാളിയാണ്. നിലവിൽ പ്രതി ജയിലിൽ കഴിയുകയാണ്.റിപ്പോർട്ടനുസരിച്ച്, തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിനെ സാൻ ജോസിലെ വീട്ടിലെത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. കുത്തിപ്പരിക്കേൽപിച്ചാണ് ആൻ മേരി മാത്യുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇതിന് പിന്നാലെ ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അഞ്ജനയെ താമസസ്ഥലത്തു നിന്ന് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
0 Comments